മഞ്ഞപ്പിത്തം പടരുന്നു; മലപ്പുറം ഉൾപ്പെടെ നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകളിൽ ക്ലോറിനേഷൻ നടത്താനും ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാനും നിര്‍ദേശമുണ്ട്.

രോഗലക്ഷണം ഉള്ളവർ നിർബന്ധമായും ചികിത്സ തേടണം. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവരും കുടിവെള്ളത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധ നല്‍കണം. ഐസ്, വെള്ളം എല്ലാം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. കാരണം വൃത്തിയില്ലാത്ത വെള്ളത്തിലൂടെ രോഗം എളുപ്പത്തില്‍ പകരാം. പാത്രങ്ങള്‍ കഴുകാനോ, ശരീരം വൃത്തിയാക്കാനോ ഉപയോഗിക്കുന്ന വെള്ളവും വൃത്തിയുള്ളത് തന്നെയാണെന്ന് ഉറപ്പുവരുത്തണം. ഇങ്ങനെയും രോഗബാധയുണ്ടാകാം. അതുപോലെ തന്നെ സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് കിണറുകളിലേക്ക് വെള്ളച്ചോര്‍ച്ചയുണ്ടാകുന്നുണ്ടെങ്കില്‍ അതും പെട്ടെന്ന് കണ്ടെത്തി പരിഹരിക്കണം.

മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് പ്രത്യേകിച്ച് രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍, എച്ച്ഐവി ബാധിതര്‍, ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. അതിനാല്‍ തന്നെ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മഞ്ഞപ്പിത്തത്തിന് സ്വയം ചികിത്സ പാടില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയമായ ചികിത്സ തന്നെ തേടണം.

മലപ്പുറം ചാലിയാര്‍, പോത്തുകല്‍ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഈ പ്രദേശങ്ങളില്‍ സ്വീകരിച്ചിരുന്ന പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു.

Previous Post Next Post