നോമ്പനുഭവം -ഷമീർ കൊളത്തൂർ

നോമ്പനുഭവം -ഷമീർ കൊളത്തൂർ
അര+അര:ഒന്ന് എന്ന സമവാക്യത്തിൽ നിന്ന് ആരംഭിക്കുന്നു നോമ്പെടുക്കൽ ശ്രമം . ഒരു ദിവസം ഉച്ച വരെ എങ്കിൽ അടുത്ത ദിവസം ഉച്ചക്ക്‌ ശേഷം മുതൽ ഒരു പരീക്ഷണ കാലഘട്ടം , പിന്നീടത്‌ നോമ്പെടുത്തു എന്ന് പറയൽ അഭിമാനമായി മാറി . സ്കൂൾ അവധിയായിരിക്കും നോമ്പ്‌ സമയത്ത്‌ , ഭക്തി നിറവിൽ കവിഞ്ഞ നമസ്കാര പള്ളിയും നമസ്കാര ശേഷം പല ദിക്കിൽ നിന്നുമെത്തിയ പതിനഞ്ച്‌ വയസ്സുമുതലുള്ളവരുടെ മത പ്രഭാഷണങ്ങൾ അത്‌ കഴിഞ്ഞാൽ അവർക്കുള്ള നാണയത്തുട്ടുകൾ സദഖയായി നൽകുന്നതും അത്‌ സ്വീകരിക്കുമ്പോൾ ആവർക്കുണ്ടാകുന്ന സന്തോഷവും കാണാൻ തന്നെ ചന്തമാണു . പലരും നോമ്പ്‌ കാലം വിവിധ വക്തുകളിൽ വിവിധ പള്ളികളിലായി നമസ്കാര ശേഷം വഹളു പറഞ്ഞിരുന്നത്‌ ഒരു പരിശീലനം കൂടിയായിട്ടായിരുന്നു.
            അടുക്കളയിൽ നിന്നുള്ള വിവിധ രുചികൂട്ടുകളുടെ ഗന്ധം വാച്ചിന്റ്ര് സൂചിയിലേക്ക്‌ നോക്കിയിരുന്നും ഉറങ്ങിയും മഗ് രിബ്‌ മുഴുമിപ്പിക്കുമ്പോൾ കാരക്കയും തരിക്കഞ്ഞിയും കുറച്ച്‌ പഴങ്ങളും പത്തിരിയും കറിയുമായി ഒറ്റയിരിപ്പിനുള്ള തീർപ്പാക്കൽ , അതും കഴിഞ്ഞ്‌ പള്ളിയിലേക്കൊരു ഓട്ടവും .
പിന്നീട്‌ നോമ്പെടുത്തതിന്റെ ക്ഷീണം തീർക്കൽ , അപ്പോഴേക്കും ഇഷാ , തറാവീഹിനുള്ള സമയമാകും . നമസ്കാരം കഴിഞ്ഞാൽ ഉസ്താദിന്റെ അൽപ നേര പ്രഭാഷണവും അത്‌ കഴിഞ്ഞാലുള്ള ചിലരുടെ വകയായ കട്ടൻ ചായയും കുടിച്ച്‌ വീട്ടിലേക്കൊരു നടത്തം . കൂട്ടുക്കാരൊത്ത്‌ വീണ്ടും അൽപം ഇരിക്കാനുള്ള സമയവും
നോമ്പ്‌ കാലത്ത്‌ എല്ലാ വീട്ടിലും മുരിങ്ങ/ ഇല ക്കറിയും ഉണക്ക മീനും നിർബന്ധമായ പോലെ നിത്യവും ഉണ്ടാകും കൂടെ ചുടു കഞ്ഞിയും . വീണ്ടുമൊരു ഉറക്കം
പാതി തുറന്ന കണ്ണുമായി അത്താഴം വീണ്ടും , പലപ്പ്പോഴും അത്താഴത്തിനു വഴങ്ങില്ല , നേരം വെളുത്താലുള്ള കാര്യമോർത്ത്‌ എണീക്കണമല്ലോ!


                   
                     നോമ്പിനു മുന്നെ അരി പൊടിപ്പിക്കലും മസാലകൾ ഉണ്ടാക്കലും വീട്‌ മുക്കും മൂലയുമടക്കം അടിച്ച്‌ വ്യത്തിയാക്കലും ( നനച്ച്‌ കുളി)

പള്ളി എല്ലാവരും കൂടി വ്യത്തിയാക്കൽ ബഹുരസം തന്നെ അത്‌ കഴിഞ്ഞാൽ നേരെ പൊറൊട്ടയും ബീഫും കഴിക്കാനുള്ള തിക്കും തിരക്കും ( ഇത്‌ പള്ളിക്കമ്മറ്റി വക)
ഇതൊക്കെ നിത്യ സംഭവം തന്നെ

                             വഹളു ( മത പ്രഭാഷണം ) പരമ്പരകളാണു നോമ്പ്‌ കാലത്തെ മറ്റൊരു സംഗതി . പലപ്പോഴും പള്ളി / മദ്രസ്സകളുടെ കടം വീട്ടാനും പഴയ പായകൾ മാറ്റി പുതിയത്‌ വാങ്ങാനും കേടുവന്ന ഓട്‌ മാറ്റി റിപ്പയർ ചെയ്യാനും പെയ്ന്റ്‌ അടിക്കാനും പള്ളി പരിപാലന വരുമാനമായ പള്ളി വക ' വാടക സ്റ്റോറിലേക്ക്‌ ' സാധനം വാങ്ങാനുമായിരിക്കും വിവിധ ഉസ്താതുമാരെ കൊണ്ട്‌ വന്ന് സ്റ്റേജ്‌ കെട്ടി പ്രഭാഷണങ്ങൾ നടത്തിക്കാറുള്ളത്‌


ഒരു ഭാഗത്ത്‌ പള്ളി/ മദ്രസ ഭാരവാഹികൾ മേശയിട്ട്‌ ഇരിക്കുന്നുണ്ടാകും സംഭാവനകൾക്ക്‌ വഹളിലെ ഇടവേളയിലെ ലേലം വിളിക്ക്‌ , പാട്ടപ്പിരിവിനു... ഇതിനെല്ലാം എല്ലാ മത വിഭാഗങ്ങളും സഹകരിക്കുന്നു

  
                      മാസം പതിനേഴിനു കോഴിയും പത്തിരിയുമില്ലാത്ത ഒരു വീടു പോലും ഉണ്ടാവില്ല . കാരക്ക അഞ്ച്‌ ചീളുകളാക്കി സ്നേഹം പങ്കിട്ട്‌ നോമ്പ്‌ മുറിച്ചിരുന്നവർ ഈത്തപ്പഴവും ഇതേ ദിവസം വാങ്ങി നോമ്പ്‌ മുറിച്ചിരുന്നു. മധുര പലഹാരങ്ങൾ ഉണ്ടാക്കലും ( ചക്കര ചോർ , ഉണ്ണിയപ്പം , പഴം പൊരി , കൽത്തപ്പം , നെയ്യപ്പം ) എന്നിവ പള്ളികളിലേക്ക്‌ കൊണ്ട്‌ പോകാനും ഉണ്ടാക്കിയിരുന്നു . തറാവീഹും വിത് റും കഴിഞ്ഞതിനു ശേഷം തഹജ്ജുതും , തസ്ബിഹ്‌ നമസ്കാരവും ത്വയ്ബയുമായി ഭക്തി സാന്ദ്രമായ ലൈലത്തുൽ ഖദർ പ്രതീക്ഷിക്കുന്ന ദിനത്തിൽ അബാലവ്യദ്ധം ജനങ്ങളും പള്ളികളിലുണ്ടാകും . കൊണ്ട്‌ പോയ മധുര പലഹാരങ്ങൾ വലിയ ബക്കറ്റിലിട്ട്‌ ആരാധന കർമ്മങ്ങൾ കഴിഞ്ഞതിനു ശേഷം എല്ലാവർക്കും 'ചീരിണി' വിതരണവും ബഹു കേമം തന്നെ . സുബഹി ബാങ്ക്‌ കൊടുക്കാൻ കുറെയധികം സമയമൊന്നുമുണ്ടാകില്ല


  
            വാപ്പാക്ക്‌ നൽകുന്ന സ്ട്രോഗ്‌ ചായ കുടിക്കാനുള്ള മത്സരത്തിൽ ഞാനും അനിയനും നിത്യ തല്ല് തന്നെ

       നോമ്പ്‌ അവസാനിക്കുമ്പോഴേക്കും പെരുന്നാൾ കുപ്പ്പായമെടുക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും . പിന്നെ ടെയിലർ ബാബുവിന്റെ അടുത്തും വിനുവിന്റെ അടുത്തും പൂരത്തിനുള്ള ആളുണ്ടാകും . രാവും പകലും നിലക്കാത്ത സ്റ്റിച്ചിംഗ്‌ മെഷീന്റെ ശബ്ദം . അടിച്ച്‌ കിട്ടാത്തവരുടെ വാക്‌ പയറ്റും , മാസം കണ്ട്‌ പെരുന്നാൾ ഉറപ്പിച്ചാൽ റോഡിൽ ഉണ്ടാക്കുന്ന ബീഫിനും പൂളക്കും ഭയങ്കര സ്വാദ്‌ തന്നെ ! അത്‌ വരെ ബീഫ്‌ തിന്നാത്തവരെ പോലെ ആ രാത്രി വെളുക്കും വരെ ബീഫിനായി പരക്കം പായുന്നതും ബഹളം വെക്കുന്നത്‌മൊക്കെ നിത്യ രസകര കാഴ്ച .
          നോമ്പ്‌ തുറയുള്ള ദിവസം ബാങ്ക്‌ കൊടുക്കുന്നതും കാത്ത്‌ എല്ലാവരും ഭക്ഷണത്തിനു മുന്നിലെ കാത്തിരിപ്പ്‌ വല്ലാത്ത ഒരു അവസ്ഥ തന്നെ , ബാങ്ക്‌ കൊടുക്കലും പിന്നീടൊരു യുദ്ധവും, പടവെട്ടലും
ഇന്ന് സമൂഹ നോമ്പ്‌ തുറകൾ , പത്തിരിക്കും പൊറാട്ടക്കും പകരം ബിരിയാണികൾ , അന്നത്തെ സമൂഹ നോമ്പ്‌ തുറ യൂത്ത്‌ ലീഗ്‌ നടത്തുന്ന നോമ്പ്‌ തുറ മാത്രമായിരുന്നു
ഇന്ന് ഇഫ്ത്താറുകൾ , പള്ളികളിൽ ഗംഭീര നോമ്പ്‌ തുറകൾ , കുടുംബ സംഗമങ്ങൾ , പ്രവാസികളുടെ , കച്ചവട സ്ഥാപനങ്ങളുടെ നോമ്പ്‌ തുറകൾ .....      അയലത്തെ പെണ്ണുങ്ങൾ ഇലയൂരിയ മൈലാഞ്ചി തൈകൾ മുപ്പതാം നോമ്പിന്റെ ദിനത്തിൽ ചിരിച്ച് ആനന്ദത്താൽ ആടിക്കളിക്കുന്നതും കാണാം


അസ്തഹഫുറുള്ളാഹിൽ അലീം എന്ന് ചൊല്ലൽ സ്കൂളിൽ പഠിക്കുമ്പോൾ എല്ലാവരുടെ നാവിൻ തുമ്പിലും അന്ന് കാണാമായിരുന്നു....


വാട്ട്സപ്പും , ഫേസ്ബുക്കും ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു , നോമ്പ്‌ തുറ സമയം, ദിഖ് റുകൾ എഴുതിയ കാർഡുകൾ വിവിധ സംഘടനകൾ ഇറക്കുന്നത്‌ വരെ ഇന്ന് പഴയ ഓർമ്മയായി മാറിയിരിക്കുന്നു .. 

║▌│█║▌║│█║║▌█ ║▌
തിരിച്ചറിവുകൾ കാലത്തിനൊപ്പം ചില കുത്തിക്കുറിക്കലുകളുമായ്...

Post a Comment

Previous Post Next Post