അടുത്ത 5 ദിവസം കനത്ത മഴ; അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു

അടുത്ത 5 ദിവസം കനത്ത മഴ; അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ തീരദേശ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുത്. ശക്തമായ മഴയിൽ കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. പത്തനംതിട്ട മല്ലപ്പള്ളിയിൽ അതിഥിത്തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ബിഹാർ സ്വദേശിയായ നരേഷിനെ (25) ആണ് കാണാതായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങി.

തൃശൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിരപ്പിള്ളിയും വാഴച്ചാലും ഉൾപ്പെടെയുള്ള വെള്ളച്ചാട്ടങ്ങളിലേക്കും ജലാശയങ്ങൾ, മലയോര പ്രദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം 21, 22 തീയതികളിൽ നിരോധിച്ചു. ജില്ലയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ജില്ലയിൽ ഈ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വിലങ്ങൻകുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാർക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂർമുഴി റിവർ ഗാർഡൻ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ വിനോദ സഞ്ചാരികൾക്ക് പ്രവേശനമില്ല.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും, താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ആളുകൾ സുരക്ഷിതമേഖലകളിൽ തുടരണമെന്നും അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post