ആഗസ്റ്റ് 1 ശിഹാബ് തങ്ങൾ ഓർമദിനം

 ആഗസ്റ്റ് 1 ശിഹാബ് തങ്ങൾ ഓർമദിനം


മലപ്പുറം: മുസ്‌ലിം സമുദായത്തിന്റെ ആത്മീയനേതാവും ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനുമായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ വിടപറഞ്ഞിട്ട് ചൊവ്വാഴ്‌ച 14 വർഷം പൂർത്തിയാകുന്നു. 2009 ഓഗസ്റ്റ് ഒന്നിന്, 73-ാം വയസ്സിലായിരുന്നു വിയോഗം.
സ്‌നേഹവും കാരുണ്യവുമായിരുന്നു ശിഹാബ് തങ്ങളുടെ മുഖമുദ്ര. അതുവഴി ആയിരങ്ങൾക്ക് തണലൊരുക്കി തങ്ങൾ. മതം നോക്കാതെ സഹജീവികളെ ചേർത്തുനിർത്തി. കൊടപ്പനക്കൽ തറവാട്ടിൽനിന്നുദ്‌ഭവിച്ച കാരുണ്യത്തിന്റെ ആ നീരുറവ ഇന്നും പരന്നൊഴുകുകയാണ്; പാവങ്ങൾക്ക് സൗജന്യമായി വീടൊരുക്കുന്ന ബൈത്തുറഹ്മ ഭവനപദ്ധതിയടക്കം പല രൂപത്തിൽ.
അയ്യായിരത്തോളം കാരുണ്യഭവനങ്ങളാണ് അദ്ദേഹത്തിന്റെ പേരിൽ രാജ്യത്ത് പലയിടത്തുമായി തലയുയർത്തി നിൽക്കുന്നത്. ഡയാലിസിസ് കേന്ദ്രങ്ങൾ, പാലിയേറ്റീവ് കെയർ, ആംബുലൻസ്, കുടിവെള്ളവിതരണം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ശിഹാബ് തങ്ങളുടെ പേരിൽ നടന്നുവരുന്നു.
പി.എം.എസ്.എ. പൂക്കോയ തങ്ങളുടെ മരണശേഷമാണ് മൂത്തമകൻ മുഹമ്മദലി ശിഹാബ് തങ്ങൾ ലീഗ് സംസ്ഥാന അധ്യക്ഷനായത്. 39-ാം വയസ്സിൽ ചുമതലയേറ്റ അദ്ദേഹം 34 വർഷം പാർട്ടിയെ നയിച്ചു. ഒരു രാഷ്‌ട്രീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി ഏറ്റവുംകൂടുതൽ കാലം പൂർത്തിയാക്കി അദ്ദേഹം റെക്കോഡ് എഴുതിച്ചേർത്തു.
1936 മേയ് നാലിനാണു ജനിച്ചത്. സംസ്ഥാന പ്രസിഡന്റായത് 1975 സെപ്‌റ്റംബർ ഒന്നിന്. നിരവധി മത, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധ്യക്ഷനും മഹല്ലുകളുടെ ഖാസിയുമായിരുന്നു. കോഴിക്കോട് എം.എം. ഹൈസ്‌കൂളിൽനിന്ന് എസ്.എസ്.എൽ.സി. ജയിച്ചു. രണ്ടുവർഷം തിരൂരിനടുത്തെ തലക്കടത്തൂരിൽ ദർസ് പഠനം. 1958-ൽ ഉപരിപഠനത്തിന് ഈജിപ്തിൽ പോയി. മൂന്നുവർഷം അൽ അസ്ഹറിലും പിന്നീട് കൊയ്‌റോ യൂണിവേഴ്‌സിറ്റിയിലും അദ്ദേഹം പഠിച്ചു.

Post a Comment

Previous Post Next Post